തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ പ്രിയദര്‍ശിനി സൗജന്യയാത്രയെ മലയോര ജില്ലയിലെ സ്ത്രീകള്‍ വരവേറ്റത് ആഹ്ലാദാരവത്തോടെ. ആദ്യ സര്‍വീസുകളില്‍ പ്രിയദര്‍ശിനി യാത്രയുടെ ഭാഗമായത് നൂറുകണക്കിന് വനിതാ യാത്രക്കാര്‍. ആവേശം അലതല്ലിയ ചടങ്ങില്‍ സൗജന്യയാത്രയുടെ ജില്ലാതല ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു. തൊടുപുഴയില്‍നിന്നു വണ്ണപ്പുറത്തേക്കായിരുന്നു ആദ്യ പ്രിയദര്‍ശിനി യാത്ര. യാത്രക്കാരിയായ വിമല ആദ്യ സര്‍വീസിനുള്ള ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിബിത രവി ആദ്യം ബസില്‍ കയറി. വനിതാ കണ്ടക്ടര്‍ എന്‍. ധന്യ ആദ്യടിക്കറ്റ് നല്കി. യാത്രക്കാര്‍ സെല്‍ഫിയെടുത്തും മധുരം പങ്കുവച്ചും യാത്ര കളറാക്കി. പച്ചില സ്വദേശി ടി.ആര്. ഷൈജനായിരുന്നു ഡ്രൈവര്‍. വണ്ണപ്പുറം സ്വദേശി മുഹമ്മദ് സലിം കുറുപ്പുകണ്ടത്തിലായിരുന്നു കണ്ടക്ടര്‍.
ചടങ്ങില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍, സിഎംപി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു, കേരള കോണ്‍ഗ്രസ് -ജോസഫ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് , കെഎസ്ആര്‍ടിസി തൊടുപുഴ യൂണിറ്റ് ഓഫീസര്‍ എം.ജി. രാജീവ് , ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ഇ.ആര്. പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കുമളി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതി സിറിയക്ക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 24 ഷെഡ്യൂളുകളിലായി കോട്ടയം- കുമളി റൂട്ടില്‍ ഉള്‍പ്പെടെ 122 സര്‍വീസാണ് ഡിപ്പോയില്‍നിന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, കെഎസ്ആര്‍ടിസി കുമളി എടിഒ വിജേഷ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുമളിയില്‍നിന്ന് കോട്ടയത്തേയ്ക്കായിരുനനു ആദ്യസര്‍വീസ്.
ചെറുതോണി: ഇടുക്കി മണ്ഡലത്തിലെ സ്ത്രീ സൗജന്യയാത്രാ പദ്ധതി ചെറുതോണിയില്‍ നടന്ന ചടങ്ങില്‍ റോയി കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി, മണിയാറന്‍കുടി റൂട്ടുകളിലേക്കുള്ള ബസ് സര്‍വീസുകള്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്‍സി തോമസ്, കോമളം മോഹന്‍ദാസ്, ജിപ്സി ജിമ്മി, ത്രിതല പഞ്ചായത്തംഗങ്ങളായ എ.പി. ഉസ്മാന്, മിനി സാബു, ടോണി തോമസ്, ബിജു നിള, സെലിന് വിന്‍സന്റ്, റ്റിന്റു സുഭാഷ്, സാലി ബാബു, ജോസഫ് പാലാട്ടില്‍, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സൗജന്യ യാത്രയ്ക്ക് ശമ്പളം വേണ്ട, പദ്ധതിയെ അനുകൂലിച്ച് കെഎസ്ആർടിസി ജീവനക്കാർ
സർക്കാരിന്റെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയോട് ശന്പളം ഇല്ലാതെ ജോലി ചെയ്തു ഐക്യദാർഢ്യവുമായി കെഎസ്ആർടിസിയുടെ രണ്ടു ജീവനക്കാർ. പദ്ധതിയുടെ ഭാഗമായി മൂന്നാറിൽനിന്ന് ആരംഭിച്ച് അടിമാലിയിൽ എത്തിച്ചേർന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറായ സാബുവും കണ്ടക്ടർ മുഹമ്മദുമാണ് സൗജന്യയാത്രാ ബസിൽ സൗജന്യമായി ജോലി ചെയ്തത്. ശമ്പളം സ്നേഹപൂർവം നിരസിച്ചുകൊണ്ടാണ് സർക്കാരിനോട് ആഭിമുഖ്യം പുലർത്തിയത് .
കണ്ടക്ടറായ മുഹമ്മദ് അടിമാലി മന്നാംകാല സ്വദേശിയും ഡ്രൈവറായ സാബു 200 ഏക്കർ സ്വദേശിയുമാണ്. ഇരുവരും വർഷങ്ങളായി കെഎസ്ആർടിസി ജീവനക്കാരാണ്. പദ്ധതി നടപ്പാക്കിയതിൽ ബസിലെ യാത്രക്കാർക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്താണ് ഇവർ സന്തോഷം പങ്കുവച്ചത് .